Saturday, September 28, 2013

കാട്ടിലൂടെ....



ഞാന്‍ തിരുവനന്തപുരം ജില്ലയിലെ മീനാങ്കല്‍ ട്രൈബല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ്‌. എന്റെ വീട്‌ പേപ്പാറ വന്യമൃഗസങ്കേതത്തിനുള്ളിലാണ്‌. അതുകൊണ്ടു തന്നെ കാട്ടുപോത്തും മലയണ്ണാനുമൊക്കെയാണ്‌ എന്റെ കൂട്ടുകാര്‍. ഞങ്ങളുടെ പൊടിയക്കാലയില്‍ നിന്നും കാട്ടിലൂടെ ഒന്‍പതു കിലോമീറ്ററോളം ദൂരം നടന്നാണ്‌ ഞാന്‍ സ്‌കൂളില്‍ പോയിരുന്നത്‌. 


ഒന്നാം ക്ലാസ്സു തുടക്കം മുതല്‍ എനിക്ക്‌ ഒരേയൊരു സങ്കടമേ ഉണ്ടായിരുന്നുള്ളു. സ്‌കൂളില്‍ പോകാന്‍ ബസ്സ്‌ ഇല്ലാത്തതിന്റെ സങ്കടം. കൊടുങ്കാട്ടിലൂടെ അച്ഛന്റെ കൈപിടിച്ചാണ്‌ ഞാന്‍ സ്‌കൂളിലേയ്‌ക്ക്‌ പോയിരുന്നത്‌. ഒന്നാം ക്ലാസ്സില്‍ മനോഹരന്‍ സാറാണ്‌ രജിസ്‌റ്റര്‍ എടുത്തത്‌. ആദ്യമായി എന്റെ പേരു വിളിച്ചപ്പോള്‍ വളരെയധികം ഭയം തോന്നി. പ്രസന്റ്‌ പറയണമെന്ന്‌ അച്ഛന്‍ പറഞ്ഞു. അന്നു പന്ത്രണ്ടു മണിയായപ്പോള്‍ സ്‌കൂള്‍ കഴിഞ്ഞു. ഞാനും അച്ഛനും മറ്റു കുട്ടികളും കൂടി കാട്ടിലൂടെ വീട്ടിലേയ്‌ക്ക്‌ പോന്നു. വരുന്ന വഴി മലയണ്ണാന്‍, വവ്വാല്‍, പന്നി, കാട്ടുപോത്ത്‌്‌ എന്നീ മൃഗങ്ങളെ കാണാനിടയായി. പിന്നീട്‌ ഇങ്ങനെ നടന്ന്‌ എനിക്ക്‌ കാട്ടിലൂടെയുള്ള യാത്ര ഒരു പ്രശ്‌നമല്ലാതെയായി. 


ഒരു വ്യഴാഴ്‌ച ദിവസം. ഞാനൊരു മരത്തിന്റെ മുകളില്‍ എാറുമാടത്തില്‍ ഇരിക്കുമ്പോള്‍ മരത്തിനു താഴെക്കൂടി ഒരു വലിയ പെരുമ്പാമ്പ്‌ ഇഴഞ്ഞു പോയി. ഞാന്‍ പേടിച്ചു കരഞ്ഞു. അപ്പോഴേയ്‌ക്കും അച്ഛന്‍ വന്നു. എന്നെ മരത്തില്‍ നിന്നിറക്കി വീട്ടിലേയ്‌ക്ക്‌ കൊണ്ടുപോയി. കളിക്കോപ്പുകള്‍ തന്നു.
ഒരു തിങ്കളാഴ്‌ച ദിവസം. ഞാന്‍ സ്‌കൂളിലേയ്‌ക്ക്‌ പോകുന്ന വഴിക്ക്‌ ആനയെ കണ്ടു. അച്ഛന്‍ പറഞ്ഞു. ഇത്‌ കൊലകൊല്ലി എന്ന ആനയാണെന്ന്‌.

കൊലകൊല്ലി

കൊലകൊല്ലി. മനുഷ്യരെ കൊല്ലുന്ന ആന. പൊടിയക്കാലയുടെ ദുരിതമായിരുന്നു ആ ഒറ്റയാന്‍. എന്റെ അച്ചമ്മ അതിനൊരു പേരിട്ടു. `ചക്കമാടന്‍'. ചക്കമാത്രമായിരുന്നു അതിന്റെ ഭക്ഷണം. കാട്ടില്‍ നിന്നും ചക്ക തിന്നാന്‍ അതു ഗ്രാമത്തില്‍ ഇറങ്ങും. കൃഷി നശിപ്പിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം ഞാനും അച്ഛനും അമ്മയും കൂടി അച്ചമ്മയുടെ വീട്ടില്‍ പോയി. അന്നു രാത്രി എന്റെ വീടിനു മുന്നില്‍ കൊലകൊല്ലി വന്നു. വീടിന്‌ നാശനഷ്ടമുണ്ടായി. 


2006 ജൂണില്‍ ആ ആനയെ വനംവകുപ്പുകാര്‍ പിടികൂടി. പതിന്നാറു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശരിക്കുള്ള ആഹാരം കിട്ടാതെ ആന ചരിഞ്ഞു. കൊലകൊല്ലിയുടെ ഓര്‍മ്മയ്‌ക്കായി ഞങ്ങളിപ്പോഴും പൂജ നടത്തി വരുന്നു. എല്ലാവര്‍ഷവും ജൂലൈ പതിനൊന്നിനാണ്‌ കൊലകൊല്ലി പൂജ.
രണ്ടില്‍ പഠിക്കുന്ന കാലം. ഒരു ബുധനാഴ്‌ച ദിവസം. സ്‌കൂളിലേയ്‌ക്ക്‌ നടക്കുന്ന വഴിയില്‍ ഞാന്‍ വളരെ സേ്‌നഹിക്കുന്ന പേഴ് മരത്തിന്റെ മുകളില്‍ കയറി ഇരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ്‌ എന്റെ കൂട്ടുകാരന്‍ മലയണ്ണാന്‍ വന്നത്‌. ഞാന്‍ എന്റെ ലഞ്ചു പാത്രത്തില്‍ നിന്നും ഒരു പപ്പടം അവനു നല്‍കി.
ഒരു വെള്ളിയാഴ്‌ച. ഞാനും അര്‍ച്ചനച്ചേച്ചിയും മാത്രമേ സ്‌കൂളിലേയക്ക്‌ നടക്കാനുണ്ടായിരുന്നുള്ളു. അന്നു ചേച്ചി എന്റടുത്ത്‌്‌ ഒരു കാര്യം പറഞ്ഞു. ഇവിടെ കൊലകൊല്ലിയുടെ പ്രേതം ഉണ്ടെന്ന്‌. അതിനാല്‍ വഴിയില്‍ വച്ച്‌ നീ സംസാരിക്കരുതെന്ന്‌. എനിക്ക്‌ വളരെയധികം ഭയം തോന്നി. ഞാന്‍ എങ്ങനെയെങ്കിലും കടിച്ചുപിടിച്ച്‌ ആ ദിവസം കഴിച്ചു കൂട്ടി. 


ഒരു ദിവസം എന്നെ പേഴ് മരത്തിന്റെ മുകളില്‍ ഇരുത്തിയിട്ട്‌ അച്ഛന്‍ മറ്റു കുട്ടികളെ സ്‌കൂളില്‍ പോകാന്‍ വിളിക്കാന്‍ പോയി. ഞാന്‍ കാക്ക, മലയണ്ണാന്‍ എന്നിവരോടൊത്ത്‌ കിളച്ചും ചിരിച്ചും സംസാരിച്ചും ഇരുന്നപ്പോള്‍ എന്റെ അച്ഛന്‍ മറ്റു കുട്ടികളെയും കൂട്ടി എത്തി. ഞാന്‍ ഇറങ്ങി. മുക്കാരിവല്ലി എന്ന സ്ഥലത്തെത്തിയപ്പോള്‍ ആന ഓടി വരുന്നു. എന്നെ അച്ഛന്‍ ഒരു പാറപ്പുറത്തിരുത്തിയതിനു ശേഷം ആനയെ ഓടിച്ചുവിട്ടു. മറ്റൊരു ദിവസം മറുകന്‍ പാറ എന്ന സ്ഥലത്തെത്തിയപ്പോള്‍ മരത്തിന്റെ മറവില്‍ ഒരു കറുപ്പ്‌ കണ്ടു. അതു കാട്ടുപോത്തായിരുന്നു. ഞാന്‍ പേടിച്ചുപോയി. ഞാന്‍ സ്‌കൂളിലെത്തി. കൂട്ടുകാരോടൊക്കെ നടന്ന കാര്യങ്ങള്‍ വിവരിച്ചു. ഒന്നും രണ്ടും പീരിയേഡുകള്‍ പോയതറിഞ്ഞില്ല.


പൊടിയക്കാലയിലേയ്‌ക്ക്‌ ഐ.റ്റി.ഡി.പി.യില്‍ നിന്നും രണ്ടു ജീപ്പുകള്‍ സര്‍വ്വീസ്‌ തുടങ്ങി. അങ്ങനെ കാട്ടിലൂടെയുള്ള നടന്നുപോക്ക്‌ അവസാനിച്ചു. പിന്നെ എന്നും ജീപ്പിലായി യാത്ര. എന്റെ കാട്ടിലെ കൂട്ടുകാരെല്ലാം പിരിഞ്ഞു. ഞങ്ങള്‍ കാട്ടുപോത്തിനെയോ മറ്റു മൃഗങ്ങളെയോ കാണാതെയായി.

കാട്ടിലെ കണിക്കൊന്ന

ഏപ്രില്‍ മാസത്തില്‍ വിഷു എത്തി. ഞാനും അച്ഛനും കൂടി കാട്ടില്‍ കണിക്കൊന്നപ്പൂവു പറിക്കാന്‍ പോയി. അവിടെ നിന്നും ധാരാളം കണിക്കൊന്നകള്‍ ലഭിച്ചു. ഞാന്‍ ഊഞ്ഞാല്‍ കെട്ടാന്‍ വേണ്ടി കാട്ടുവള്ളി വെട്ടിയെടുത്തു. അവിടെ നിന്നും കിഴങ്ങു വര്‍ഗ്ഗങ്ങളായ നെടുവന്‍, നൂലി, നൂറാന്‍ എന്നിവ ധാരാളം കിട്ടി.
മറ്റൊരു ദിവസം. ഞാനും അച്ഛനും കാട്ടില്‍ പോയപ്പോള്‍ വലിയൊരു മരത്തിന്റെ മുകളില്‍ കയറാന്‍ ശ്രമിച്ചു. പറ്റിയില്ല. എന്നാലും ഞാന്‍ വിട്ടില്ല. ഞാന്‍ പുറം തൊലിയില്‍ പിടിച്ചു കയറി എന്നിട്ട്‌ ഒരു മൈനക്കിളിയുടെ കൂട്‌ എടുത്തു വീട്ടില്‍ കൊണ്ടു വന്നു.


ഇപ്പോള്‍ ഞങ്ങളുടെ പൊടിയക്കാലയിലേയ്‌ക്ക്‌ ബസ്സ്‌ സര്‍വ്വീസ്‌ തുടങ്ങിയിട്ടുണ്ട്‌. അതിനാല്‍ എന്റെ കൂട്ടുകാരെയെല്ലാം ഞാന്‍ മറക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഞങ്ങള്‍ക്ക്‌ നടത്തം എന്നു പറയുന്നത്‌ ഒരു സ്വപ്‌നം മാത്രമാണ്‌.    

                                                                                                          -- മോനിഷ്‌ എം

                                                                                                                 (യുറീക്ക സെപ്‌റ്റംബര്‍ 16, 2013)




Wednesday, August 28, 2013

സ്കൂ.ള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്


വോട്ടെടുപ്പ്

           വോട്ടെണ്ണൽ

                              ഫലപ്രഖ്യാപനം












Sunday, August 18, 2013

നവോത്ഥാന മാസാചരണവും കലണ്ടര്‍ പ്രദര്‍ശനവും

നമ്മുടെ സ്കൂളില്‍ ചിങ്ങമാസം നവോത്ഥാന മാസമായി ആചരിക്കുന്നു. കേരളീയ നവോത്ഥാന നായകരായ അയ്യങ്കാളി, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി എന്നിവരുടെ ജന്മമാസമാണ് ചിങ്ങം.
സാമൂഹ്യശാസ്ത്ര ക്ലബ് സംഘടിപ്പിച്ച പരിപാടി വിദ്യാരംഗം കണ്‍വീനര്‍ പി. മായ ഉദ്ഘാടനം ചെയ്തു.
മാസാചരണത്തിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മലയാളം പുതുവത്സര കലണ്ടറിന്‍റെ പ്രകാശനവും പ്രദര്‍ശനവും നടത്തി. മലയാളം അക്കങ്ങളില്‍ തയ്യാറാക്കിയ 26 കലണ്ടറുകളാണ് പ്രദര്‍ശിപ്പിച്ചത്.

Monday, July 1, 2013

വയനവാരവും ടോട്ടോചാന്‍ ദിനവും

വായനവാരം  ഉദ്ഘാടനം

വായനാവാരാചരണത്തിന്റെ ഭാഗമായി  സാമൂഹ്യശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തിൽ ‘ഗ്രന്ഥശാലയിൽ’ എന്ന പരിപാടി നടത്തി. യു. പി വിഭാഗം കുട്ടികൾക്ക് ഗ്രന്ഥശാല പരിചയപ്പെടുത്തിക്കൊണ്ട് ഒൻപതാം ക്ളാസ് വിദ്യാർത്ഥികളായ ദൃശ്യ പി. ആർ, മോനിഷ് എം എന്നിവർ ക്ളാസ്സെടുത്തു. കഴിഞ്ഞ വര്ഷം സംഘടിപ്പിച്ച  'എന്റെ ഗ്രന്ഥശാല'  എന്ന പരിപാടിയുടെ തുടര്‍ച്ചയായിരുന്നു ഇത്.
  സ്കൂൾ ലൈബ്രറിയിൽ നടന്ന ക്ളാസ് സ്റ്റാഫ് സെക്രട്ടറി എൻ. ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. ഷാജു. എസ് അദ്ധ്യക്ഷനായി. സാഹിറ എൻ. എൽ. സ്വാഗതവും വിജയ് പി. എം. നന്ദിയും പറഞ്ഞു.



നമ്മുടെ സ്കൂളിലെ ഈ വർഷത്തെ വായനദിനം ‘ടോട്ടോചാൻ’ ദിനമായി മാറി. ഒന്നാം കാസ് അദ്ധ്യാപിക സി. സീന പരിപാടി ഉദ്ഘാടനം ചെയ്തു. അജി ജാസ്മിൻ ടീച്ചർ  ‘ടോട്ടോചാൻ’ പുസ്തകം പരിചയപ്പെടുത്തി. വിവിധ ഗ്രൂപ്പുകൾ ‘ടോട്ടോചാൻ’ വായിക്കുകയും വായനാനുഭവം പങ്കുവയ്ക്കുകയും ചെയ്തു.
 ഒൻപതാം ക്ളാസ് വിദ്യാർത്ഥിനികളായ എം. എം. ശങ്കരിയും ഗ്രീഷ്മ ജോസും നേതൃത്വം നല്കി.
പുസ്തകം പരിചയപ്പെടുത്തല്‍



വായന ദിനം ഉദ്ഘാടനം
ശങ്കരിയും ഗ്രീഷ്മയും ക്ലാസ്  നയിക്കുന്നു

Wednesday, June 12, 2013

മലയാളം കയ്യൊപ്പു മത്സരം: ജസ്നയ്ക്ക് സമ്മാനം



എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ പി. എ. ഉത്തമന്റെ ഒർമയ്ക്കായി പി. എ. ഉത്തമൻ കൂട്ട് സംസ്ഥാന തലത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മലയാളം കയ്യൊപ്പ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ
എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ജസ്നയ്ക്ക് സമ്മാനം. വിവിധ സ്കൂളുകളിൽ നിന്നുള്ള അഞ്ചു കുട്ടികൾക്കാണ്‌ സമ്മാനം ലഭിച്ചത്. പി എ ഉത്തന്റെ ചരമദിനമായ ജൂൺ 10 നു നടന്ന അനുസ്മരണ യോഗത്തിൽ വച്ച് കുരീപ്പുഴ ശ്രീകുമാർ വിജയികൾക്ക് സമ്മനം നല്കി.

ജസ്നയ്ക്കും മറ്റു വിജയികൾക്കും അഭിനന്ദനങ്ങൾ.

Wednesday, February 13, 2013

എന്റെ അനുഭവം

-->
സാന്ദ്ര ബി. എസ്.

തൊരു കുട്ടിക്കും ഓര്‍മയില്‍ നിന്നും മായാത്ത കുറച്ച് അനുഭവങ്ങള്‍ ഉണ്ടായിരിക്കും. എനിക്കും അത്തരം ഒരു അനുഭവമുണ്ട്. ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ ഒരു സാമൂഹ്യശാസ്ത്ര അധ്യാപികയായി മറ്റ് കുട്ടികള്‍ക്ക് ക്ലാസെടുത്തു. വളരെ കൗതുകകരവും രസകരവുമായ അനുഭവം.
അന്ന് എന്നോടെപ്പം മറ്റൊരു 'കുട്ടി അധ്യാപിക' കൂടി ഉണ്ടായിരുന്നു. ഇങ്ങനെ രണ്ടുപേര്‍ ഒരേസമയം ക്ലാസെടുക്കുന്ന രീതി ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. ഞങ്ങളെപ്പോലെ മറ്റ് കുട്ടികളും അധ്യാപകരായി മറ്റ് ദിവസങ്ങളില്‍ ക്ലാസെടുത്തു. കുട്ടികളോട് സാര്‍ പറഞ്ഞു, നിങ്ങള്‍ക്ക് ആര് പഠിപ്പിച്ചതാണ് ഇഷ്ടപ്പെട്ടത് അവര്‍ക്ക് ഒരു വോട്ട് നല്‍കാന്‍. അന്ന് എന്നെയാണ് കുട്ടികള്‍ തെരഞ്ഞെടുത്തത്.
അന്ന് അധ്യാപകന്‍ എന്നോട് ക്ലാസെടുക്കുവാന്‍ പറഞ്ഞപ്പോള്‍ എനിക്ക് ആത്മവിശ്വാസം ഇല്ലായിരുന്നു. എന്നാല്‍ കഴിയില്ല എന്നു പറയുവാന്‍ എനിക്ക് തോന്നിയില്ല. ഞാന്‍ അതിന് തയാറാകുകയാണ് ചെയ്തത്. എങ്കിലും എന്റ മനസ്സ് വല്ലാതെ പിടയുകയായിരുന്നു. ഈ വിവരം ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ ആദ്യം വിശ്വസിച്ചില്ല. കാരണം ഞാന്‍ ഇതുവരെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. എന്റെ അനുജത്തിയുടെ മുന്നില്‍ അധ്യാപികയായി ഞാന്‍ ആദ്യം പഠിപ്പിച്ചു. അതിനുശേഷം കണ്ണാടിയുടെ മുന്നില്‍പോയി ഒരധ്യാപികയായി പഠിപ്പിച്ചു. അതിനുശേഷം പഠിപ്പിക്കുന്ന പാഠഭാഗം നന്നായി വായിച്ച് പഠിച്ചു. കൂട്ടുകാരോടൊക്കെ ചട്ടംകെട്ടി, എന്നോട് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന്. ഞാന്‍ ക്ലാസെടുക്കുവാന്‍ തുടങ്ങിയനിമിഷം- ഞാനൊരു അധ്യാപികയാണെന്ന് തോന്നിപ്പോയി. അന്ന് ഞങ്ങള്‍ രണ്ടുപേരും കൂടി കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുത്തത് സാമൂഹ്യശാസ്ത്രം ഒന്നിലെ 'കേരളപ്പഴമ' എന്ന പാഠഭാഗമായിരുന്നു. വളരെ രസകരമായ ഒരനുഭവം തന്നെയായിരുന്നു അത്.
ഇപ്പോള്‍ ഞാന്‍ പഠിക്കുന്നത് പത്താം ക്ലാസിലാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ അഞ്ചാം തീയതി അധ്യാപക ദിനത്തിന് ഒരു അധ്യാപികയായി ക്ലാസെടുക്കുവാന്‍ പിന്നെയും അവസരം ലഭിച്ചു. മുന്‍പ് ക്ലാസെടുത്തപ്പോള്‍ എന്നോടൊപ്പമുണ്ടായിരുന്ന കൂട്ടുകാരിതന്നെയായിരുന്നു ഇപ്പോഴും കൂടെ. ഞങ്ങള്‍ വളരെ രസകരമായി സാമൂഹ്യശാസ്ത്രം രണ്ടിലെ 'ഇന്ത്യ- ഭൗതിക ഭൂമിശാസ്ത്രം' എന്ന പാഠഭാഗം കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുത്തു. ഞാന്‍ ക്ലാസെടുക്കുവാന്‍ തുടങ്ങിയപ്പോള്‍ അന്നത്തെ ദിവസം എന്റ മനസിലോടിയെത്തി. ആ മധുരമായ ഓര്‍മകള്‍ ഇന്നും എന്റെ മനസില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇത്തരം ക്ലാസുകള്‍ എടുത്തതിന്റെ ഫലമായി ഭാവിയില്‍ ഒരധ്യാപികതന്നെ ആയിത്തീരണം എന്ന ആഗ്രഹം ഇപ്പോള്‍ എന്റെ മനസു നിറയെ ഉണ്ട്.
( 'യുറീക്ക' മാസികയില്‍ പ്രസിദ്ധീകരിച്ചത്‌