Sunday, February 2, 2014

കാട്ടിലും സ്‌കൂളിലും 



കാട്ടിലും സ്‌കൂളിലും

മോനിഷ്‌ എം


കാട്ടിലൂടെയുള്ള യാത്രയില്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ്‌ ടിപ്പു എന്ന പട്ടി. ഞങ്ങള്‍ വിതുരയിലോ സ്‌കൂളിലോ വരുമ്പോള്‍ ടിപ്പു എന്റെ കൂടെ ഓടിവരും. എന്റെ വീടു മുതല്‍ അഞ്ചുമരുതുമൂട്‌ എന്ന സ്ഥലം വരെ അവന്‍ കൂട്ടിനുണ്ടാവും. ഞാന്‍ നടന്നുവരുമ്പോള്‍ കാട്ടിലെ ശബ്ദങ്ങള്‍ ശ്രദ്ധിച്ച്‌ എനിക്ക്‌ മുന്‍കരുതല്‍ നല്‍കും
എന്റെ ഇഷ്ടഭക്ഷണമാണ്‌ മുളയണി. തേങ്ങ, മുളക്‌ എന്നിവ നെടുവന്‍ കിഴങ്ങിനോട്‌ ചേര്‍ത്താണ്‌ ഇതുണ്ടാക്കുന്നത്‌.ഞങ്ങള്‍ താമസിച്ചിരുന്നത്‌ ആറ്റിന്‍കരയില്‍ ആയിരുന്നു. ആമകനി എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്‌. ഞങ്ങള്‍ രാത്രി ഉറങ്ങുന്ന സമയത്ത്‌ കാട്ടുപോത്തും ആനയുമൊക്കെ വരും. ഒരു ദിവസം എന്റെ മുന്നേക്കൂടി ഒരു പരുന്ത്‌ പറന്നുപോയി. അതിന്റെ കൈയില്‍ എന്തോ ഉണ്ട്‌. പിന്തുടര്‍ന്നപ്പോള്‍ ഒരു കാട്ടുകോഴി. അതു താഴെ വീണപ്പോള്‍ എടുത്തുനോക്കി. ചത്തുപോയിരുന്നു. എന്നാല്‍ അവിടെ നിന്നും കാട്ടുകോഴിയുടെ അഞ്ചു മുട്ടകള്‍ കിട്ടി. ഞങ്ങള്‍ വീട്ടില്‍ കൊണ്ടുവന്ന്‌ എങ്ങഎങ്ങനെയോ അതിനെ വിരിയിച്ചു. അഞ്ച്‌ സുന്ദരന്‍ കോഴിക്കുഞ്ഞുങ്ങള്‍.

തേന്‍ശേഖരണം


എന്റെ കൊച്ചിച്ചന്റെ കൂടെ ഞാന്‍ തേന്‍ ശേഖരിക്കാന്‍ പോകും. തേന്‍കൂട്‌ തകര്‍ക്കാതെ, ഒരു തുമ്പിയെ പോലും കൊല്ലാതെ ഞങ്ങള്‍ തേന്‍ ശേഖരിക്കും. തേന്‍ പലവിധത്തിലുണ്ട്‌. തൊടുതേന്‍, ചെറുതേന്‍ എന്നിങ്ങനെ. തൂക്കതേനാണ്‌ എറ്റവും വലിയ അപകടകാരി. തേന്‍ എടുക്കാന്‍ ചെന്ന എന്റെ കൊച്ചിച്ചനെയും കൂട്ടരെയും അത്‌ ഓടിച്ചു. അവര്‍ ആറ്റില്‍ച്ചാടി രക്ഷപ്പെട്ടു. കൊച്ചിച്ചനൊക്കെ വീട്ടിലേയ്‌ക്ക്‌ വരുന്ന വഴിയില്‍ ആറ്റിനു കുറുകെ ആനയും വന്നു.
എന്റെ സ്‌കൂളിലെ കുട്ടികളെയും ടീച്ചറിനെയും ഞാന്‍ അങ്ങനെ വേര്‍തിരിച്ചിട്ടില്ല. സ്‌കൂളിലെ എല്ലാവരെയും എനിക്കിഷ്ടമാണ്‌. മൂന്നാംക്ലാസ്സില്‍ ഞങ്ങളെ പഠിപ്പിച്ച ജോയ്‌ സാര്‍ പൂക്കളമത്സരത്തിന്‌ സഹായിച്ചു. എന്റെ പല കാര്യങ്ങളിലും ക്ലാസ്സിന്റെ കാര്യങ്ങളിലും എന്നെയും കൂട്ടുകാരെയും ടീച്ചറും സാറും സഹായിച്ചിരുന്നു.

എന്റെ സ്‌കൂള്‍


വാഹനത്തില്‍ സ്‌കൂളിലേയ്‌ക്കുള്ള യാത്ര വളരെ രസകരമായിരുന്നു. പാട്ടുമിട്ട്‌ കൈകൊട്ടിയും ബലൂണ്‍ പൊട്ടിച്ചുമുള്ള യാത്ര. വഴിയില്‍ ആനയെയും കാട്ടുപോത്തിനെയും മലയണ്ണാനെയും കാണാം. കുരങ്ങനെ കാണുമ്പോള്‍ കയ്യിലുള്ള മിഠായി ഞങ്ങള്‍ അതിന്‌ എറിഞ്ഞുകൊടുക്കും.
സ്‌കൂളില്‍ ആദ്യമെത്തുമ്പോള്‍ ഉണ്ടായിരുന്ന ഹെഡ്‌മാസ്‌റ്റര്‍ നല്ലൊരു ടീച്ചര്‍ ആയിരുന്നു. മാലിനിദേവി ടീച്ചര്‍. എന്റെ അച്ഛനും അമ്മയ്‌ക്കും എന്റെ നാട്ടുകാര്‍ക്കും വളരെ ഇഷ്ടമായിരുന്നു ആ ടീച്ചറിനെ. സ്‌കൂളിനെ ഒരു നിലയില്‍ എത്തിച്ചത്‌ അവിടത്തെ നാട്ടുകാരും ടീച്ചറുമായിരുന്നു. എന്റെ പത്താംക്ലാസ്സ്‌ വിദ്യാഭ്യാസം കഴിഞ്ഞാല്‍ +1 ക്ലാസ്സ്‌ അവിടെയുണ്ടെങ്കില്‍ ഈ സ്‌കൂളില്‍ തന്നെ കിട്ടണേ എന്നാണ് പ്രാര്‍ത്ഥന.

(യുറീക്ക 2014 ഫെബ്രുവരി 1)


                                                                                                        
മോനിഷ്‌ എം
9ബി.ഗവ. ട്രൈബല്‍ ഹൈസ്കൂള്‍, മീനാങ്കല്‍

3 comments:

kilithattu said...

എത്ര ലളിതമാണ്.എത്ര രസമാണ് .അഭിനന്ദനങ്ങള്‍!

Abnash Azeez said...

നന്നായിട്ടുണ്ട് ആശംസകള്‍

11968b said...

Congrats for sharing your beautiful thoughts! Please continue to write. :)