Monday, January 1, 2018

നാടിനൊപ്പം ഭാഷയ്ക്കൊപ്പം: ശബ്ദതാരാവലിക്ക് ആദരവേകി ഒരു മാസം


    ശബ്ദതാരാവലി ശതാബ്ദി ആഘോഷം നമ്മുടെ സ്കൂളിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ജന്മദിനമായ നവംബർ 27 വരെ നീണ്ടുനിന്നു. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സംഘടിപ്പിച്ച ശതാബ്ദി ആഘോഷപരിപാടി ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി എസ്. അസ്ന മാതൃഭാഷയിൽ കൈയൊപ്പിട്ടുകൊണ്ട് തുടക്കം കുറിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളോടെ ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിച്ചു. 'കഥനം' എന്ന പേരിൽ കഥയ്ക്കു വേണ്ടി നമ്മൾ സമയം കണ്ടെത്തി. പത്താം ക്ലാസ്സ് വിദ്യാർത്ഥിനി സി. എസ്. അപർണ്ണ മുതൽ നാലാം ക്ലാസ്സ് വിദ്യാർത്ഥി അനസിജ് വരെ കഥാവതരണത്തിനെത്തി. ശതാബ്ദി മാസത്തിൽ ശബ്ദതാരാവലിയിൽ നിന്നുള്ള പദങ്ങളും അവയുടെ അർത്ഥവും പ്രത്യേകം സജ്ജീകരിച്ച ബോർഡിൽ പ്രദർശിപ്പിച്ചു. പുസ്തകചർച്ചയും സംഘടിപ്പിച്ചു 

Bookstalgia, P.K. Rajasekharan, Discussion, Meenankal School
പി. കെ. രാജശേഖരൻ രചിച്ച 'ബുക്സ്റ്റാൾജിയ' എന്ന പുസ്തകത്തിന്റെ ചർച്ചയിൽ പങ്കെടുത്ത് എട്ടു സിയിലെ നന്ദന സംസാരിക്കുന്നു
 ഡിജിറ്റൽ പുസ്തക ശേഖരം sreekandeswaram Sabdatharavali
ശബ്ദതാരാവലി ശതാബ്ദി സ്മരണിക

 ശബ്ദതാരാവലിയുടെ ശതാബ്ദി ദിനമായ നവംബർ 13 (തുലാം 28) മീനാങ്കൽ ജംഗ്ഷനിൽ പാട്ടും കഥകളുമായി കുട്ടികൾ ഒത്തുകൂടി. ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ജന്മദിനമായ നവംബർ 27 നമ്മുടെ സ്കൂൾ ഭാഷാപ്രവർത്തന ദിനമായാണ് ആചരിച്ചുവരുന്നത്. ഇത്തവണ 'ശബ്ദതാരാവലി ശതാബ്ദി സ്മരണിക' പുറത്തിറക്കിക്കൊണ്ടാണ് നമ്മൾ ആ ദിനം ആചരിച്ചത്. മലയാളഭാഷയിലെ അച്ചടിയുടെ തുടക്കം മുതലുള്ള പുസ്തകങ്ങളുടെ ഡിജിറ്റൽ ശേഖരം നെടുമങ്ങാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ കൈലാസനാഥൻ സാറിനു നൽകി സലിം അഞ്ചൽ പ്രകാശനം ചെയ്തു. 


Malayalam Digital Books, Sabdatharavali, Sreekandesvaram, Kailasanathan, Salim Anchal
ശബ്ദതാരാവലി ശതാബ്ദി സ്മരണിക കൈലാസനാഥൻ സാറിനു നൽകി സലിം അഞ്ചൽ പ്രകാശനം ചെയ്യുന്നു

'നാടിനൊപ്പം ഭാഷയ്ക്കൊപ്പം' എന്നു പേരിട്ടാണ് ശബ്ദതാരാവലിയുടെ ശതാബ്ദി നമ്മൾ ആഘോഷിച്ചത്. മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട 'സംക്ഷേപവേദാർത്ഥം' ഉൾപ്പെടെ ആദ്യകാല പുസ്തകങ്ങൾ പരിചയപ്പെടാൻ കുട്ടികൾക്ക് കഴിഞ്ഞു.
ശബ്ദതാരാവലി, ശതാബ്ദി, സ്മരണിക,ചർച്ച, മീനാങ്കൽ
സാമൂഹ്യശാസ്ത്ര ക്ലബ്ബ് പുറത്തിറക്കിയ ശബ്ദതാരാവലി ഡിജിറ്റൽ സ്മരണിക സ്കൂളിൽ ചർച്ച ചെയ്യുന്നു

ഡിജിറ്റൽ പുസ്തകശേഖരം പുറത്തിറക്കുന്നതിനു പിന്നിൽ ഒട്ടേറെപ്പേരുടെ പങ്കുണ്ട്. അവർ സമയവും അധ്വാനവും പണവും ചെലവഴിച്ചതിനാലാണ് നമുക്ക്
ഇത്തരം ഒരു സ്മരണിക നിർമ്മിക്കാൻ സാധിച്ചത്. വിക്കി സംരഭങ്ങളുടെ പ്രവർത്തകനും പഴയകാല  മലയാള ഗ്രന്ഥങ്ങളുടെ ഡിജിറ്റൽ സംരക്ഷകനുമായ ശ്രീ. ഷിജു അലക്സ്, എഴുത്തുകാരൻ ശ്രീ. വി.വിനയകുമാർ, തിരുവനന്തപുരത്തെ സായാഹ്ന ഫൗണ്ടേഷൻ, ജർമ്മനിയിലെ ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറി, കേരള സാഹിത്യ അക്കാദമി എന്നിങ്ങനെ ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളും ഇതിനു പിന്നിലുണ്ട്. എല്ലാവർക്കും നന്ദി.

#ശബ്ദതാരാവലി




മാതൃഭാഷയ്ക്ക് ആദരവേകി 'ശബ്ദതാരാവലി ഗ്രന്ഥശാല'

P.K. Sudhi, Indian Express, iemalayalam, Sabdatharavali, Meenankal Tribal High School

നമ്മുടെ സ്കൂൾ ലൈബ്രറിക്ക്  'ശബ്ദതാരാവലി ഗ്രന്ഥശാല' എന്നു പേരു നൽകിക്കൊണ്ടാണ് ശ്രീകണ്ഠേശ്വരം ജി പദ്മനാഭപിള്ളയോടും ശബ്ദതാരാവലിയോടുമുള്ള ആദരവ് നാം പ്രകടിപ്പിച്ചത്. 2017 നവംബറിൽ ഒരുമാസം നീണ്ടുനിന്ന വ്യത്യസ്ത പരിപാടികളോടെ ശബ്ദതാരാവലിയുടെ ശതാബ്ദി ആഘോഷിക്കുകയും ചെയ്തു. ശബ്ദതാരാവലി പ്രസിദ്ധീകരിച്ചുതുടങ്ങിയത് 1917 നവംബർ 13ന് (1093 തുലാം 28) ആയിരുന്നു. അതിന്റെ നൂറാം വാർഷികമായ 2017 നവംബർ 13ന് (1193 തുലാം 28) ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം വെബ് പോർട്ടലായ ഐ ഇ മലയാളത്തിൽ നമ്മുടെ സ്കൂളിൽ നടന്നുവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
പി.കെ. സുധി എഴുതിയ ആ ലേഖനം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക