Friday, November 10, 2017

ശബ്ദതാരാവലിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നമ്മുടെ സ്കൂളിൽ 'കഥനം' പരിപാടി ആരംഭിച്ചു

    ശബ്ദതാരാവലിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'കഥനം' എന്ന പേരിൽ കഥ പറയൽ പരിപാടി തുടങ്ങി. പാർവതി കുര്യാക്കോസിന്റെ 'കത്തനാരും കൂട്ടുകാരും' എന്ന കഥ പറഞ്ഞ് എം. എസ്. അനാമിക പരിപാടി ഉദ്ഘാടനം ചെയ്തു. നന്ദന എസ്. എസ് അവതാരകയായി.  ഒരു മാസം നീണ്ടുനിൽക്കുന്ന ശബ്ദതാരാവലി ശതാബ്ദി ആഘോഷങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.

   ദിനവും ഒരു കഥ പറയുന്ന 'കഥനം', ശബ്ദതാരാവലിയിലെ തിരഞ്ഞെടുത്ത പദങ്ങൾ, പുസ്തകചർച്ച, ഡിജിറ്റൽ മലയാളത്തെക്കുറിച്ചുള്ള അവതരണങ്ങൾ, പ്രാചീന മലയാള ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തൽ, പൊതുസഞ്ചയത്തിലുള്ള ഗ്രന്ഥങ്ങളുടെ പ്രചരണം, പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

ശബ്ദതാരാവലി ശതാബ്ദി ആഘോഷം: കേരള കൗമുദി വാർത്ത


ശബ്ദതാരാവലി ശതാബ്ദി: മാതൃഭൂമി വാർത്ത


കേരളപ്പിറവി, ശബ്ദതാരാവലി ശതാബ്ദി

മീനാങ്കൽ ഗവ. ട്രൈബൽ ഹൈസ്കൂളിലെ കേരളപ്പിറവി ദിനാചരണം ശബ്ദതാരാവലിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം കൂടിയായി മാറി. 2017 നവംബർ 1ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനി എസ്.അസ്ന മാതൃഭാഷയിൽ കയ്യൊപ്പു ചാർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ ക്ലാസ്സുകളിലെ കുട്ടികളും അദ്ധ്യാപകരും മാതൃഭാഷയിൽ കയ്യൊപ്പിട്ട്  മലയാളത്തിന് ആദരവേകി.

'നാടിനൊപ്പം ഭാഷയ്ക്കൊപ്പം' എന്ന പേരിൽ മലയാളത്തിന്റെ നിഘണ്ടു ശബ്ദതാരാവലിയുടെ ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന ഭാഷാധിഷ്ഠിത കർമപരിപാടികൾക്ക് സാമൂഹ്യശാസ്ത്ര ക്ലബ് തയാറാക്കി.പ്രാചീനകൃതികളുടെ പ്രചാരണം, ഡിജിറ്റൽ മലയാളത്തിന് സംഭാവന നല്‍കിയവരെ പരിചയപ്പെടുത്തൽ, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി സംസ്‌കാര പഠനം തുടങ്ങിയ പ്രവർത്തനങ്ങൾ മാസാചരണത്തിന്റെ ഭാഗമായിരിക്കും.

 എം.എസ്.അനാമിക അധ്യക്ഷയായി. പ്രധാനാധ്യാപിക കെ.എസ്.ജയശ്രീ, കെ.എം.നന്ദനകൃഷ്ണൻ, എസ്.സുരഭി എന്നിവർ സംസാരിച്ചു.



ശബ്ദതാരാവലി ലൈബ്രറി ഉദ്ഘാടനം ചെയ്തു


മലയാളിയുടെ സാംസ്കാരിക പൊതുസ്വത്തായ ശബ്ദതാരാവലിയുടെ പേരിൽ ഒരു ഗ്രന്ഥശാല. കേരളത്തിൽ ആദ്യമായാണ് ഒരു സ്കൂൾ ലൈബ്രറിക്ക് ഒരു ഗ്രന്ഥത്തിന്റെ പേരു നല്കുന്നത്. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയ്ക്കുള്ള പുതുതലമുറയുടെ ആദരവാണ് കൃതിയുടെ നൂറാം വർഷം പേരിടലിലൂടെ നിർവഹിക്കപ്പെട്ടിരിക്കുന്നത്.
2017 ഒക്റ്റോബർ 5 ലോക അദ്ധ്യാപകദിനത്തിൽ എഴുത്തുകാരൻ പി കെ സുധി സ്കൂൾ ലൈബ്രറിച്ചുമരിൽ 'ശബ്ദതാരാവലി ഗ്രന്ഥശാല' എന്നെഴുതിക്കൊണ്ടാണ് നാമകരണം ചെയ്തത്.

2012 മുതൽ മീനാങ്കൽ ഗവ. ട്രൈബൽ ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ് അദ്ദേഹത്തിന്റെ ജന്മദിനം ഭാഷാപ്രവർത്തനദിനമായി ആചരിക്കുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ പേരുവിളി.