Wednesday, February 13, 2013

എന്റെ അനുഭവം

-->
സാന്ദ്ര ബി. എസ്.

തൊരു കുട്ടിക്കും ഓര്‍മയില്‍ നിന്നും മായാത്ത കുറച്ച് അനുഭവങ്ങള്‍ ഉണ്ടായിരിക്കും. എനിക്കും അത്തരം ഒരു അനുഭവമുണ്ട്. ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ ഒരു സാമൂഹ്യശാസ്ത്ര അധ്യാപികയായി മറ്റ് കുട്ടികള്‍ക്ക് ക്ലാസെടുത്തു. വളരെ കൗതുകകരവും രസകരവുമായ അനുഭവം.
അന്ന് എന്നോടെപ്പം മറ്റൊരു 'കുട്ടി അധ്യാപിക' കൂടി ഉണ്ടായിരുന്നു. ഇങ്ങനെ രണ്ടുപേര്‍ ഒരേസമയം ക്ലാസെടുക്കുന്ന രീതി ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. ഞങ്ങളെപ്പോലെ മറ്റ് കുട്ടികളും അധ്യാപകരായി മറ്റ് ദിവസങ്ങളില്‍ ക്ലാസെടുത്തു. കുട്ടികളോട് സാര്‍ പറഞ്ഞു, നിങ്ങള്‍ക്ക് ആര് പഠിപ്പിച്ചതാണ് ഇഷ്ടപ്പെട്ടത് അവര്‍ക്ക് ഒരു വോട്ട് നല്‍കാന്‍. അന്ന് എന്നെയാണ് കുട്ടികള്‍ തെരഞ്ഞെടുത്തത്.
അന്ന് അധ്യാപകന്‍ എന്നോട് ക്ലാസെടുക്കുവാന്‍ പറഞ്ഞപ്പോള്‍ എനിക്ക് ആത്മവിശ്വാസം ഇല്ലായിരുന്നു. എന്നാല്‍ കഴിയില്ല എന്നു പറയുവാന്‍ എനിക്ക് തോന്നിയില്ല. ഞാന്‍ അതിന് തയാറാകുകയാണ് ചെയ്തത്. എങ്കിലും എന്റ മനസ്സ് വല്ലാതെ പിടയുകയായിരുന്നു. ഈ വിവരം ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ ആദ്യം വിശ്വസിച്ചില്ല. കാരണം ഞാന്‍ ഇതുവരെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. എന്റെ അനുജത്തിയുടെ മുന്നില്‍ അധ്യാപികയായി ഞാന്‍ ആദ്യം പഠിപ്പിച്ചു. അതിനുശേഷം കണ്ണാടിയുടെ മുന്നില്‍പോയി ഒരധ്യാപികയായി പഠിപ്പിച്ചു. അതിനുശേഷം പഠിപ്പിക്കുന്ന പാഠഭാഗം നന്നായി വായിച്ച് പഠിച്ചു. കൂട്ടുകാരോടൊക്കെ ചട്ടംകെട്ടി, എന്നോട് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന്. ഞാന്‍ ക്ലാസെടുക്കുവാന്‍ തുടങ്ങിയനിമിഷം- ഞാനൊരു അധ്യാപികയാണെന്ന് തോന്നിപ്പോയി. അന്ന് ഞങ്ങള്‍ രണ്ടുപേരും കൂടി കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുത്തത് സാമൂഹ്യശാസ്ത്രം ഒന്നിലെ 'കേരളപ്പഴമ' എന്ന പാഠഭാഗമായിരുന്നു. വളരെ രസകരമായ ഒരനുഭവം തന്നെയായിരുന്നു അത്.
ഇപ്പോള്‍ ഞാന്‍ പഠിക്കുന്നത് പത്താം ക്ലാസിലാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ അഞ്ചാം തീയതി അധ്യാപക ദിനത്തിന് ഒരു അധ്യാപികയായി ക്ലാസെടുക്കുവാന്‍ പിന്നെയും അവസരം ലഭിച്ചു. മുന്‍പ് ക്ലാസെടുത്തപ്പോള്‍ എന്നോടൊപ്പമുണ്ടായിരുന്ന കൂട്ടുകാരിതന്നെയായിരുന്നു ഇപ്പോഴും കൂടെ. ഞങ്ങള്‍ വളരെ രസകരമായി സാമൂഹ്യശാസ്ത്രം രണ്ടിലെ 'ഇന്ത്യ- ഭൗതിക ഭൂമിശാസ്ത്രം' എന്ന പാഠഭാഗം കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുത്തു. ഞാന്‍ ക്ലാസെടുക്കുവാന്‍ തുടങ്ങിയപ്പോള്‍ അന്നത്തെ ദിവസം എന്റ മനസിലോടിയെത്തി. ആ മധുരമായ ഓര്‍മകള്‍ ഇന്നും എന്റെ മനസില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇത്തരം ക്ലാസുകള്‍ എടുത്തതിന്റെ ഫലമായി ഭാവിയില്‍ ഒരധ്യാപികതന്നെ ആയിത്തീരണം എന്ന ആഗ്രഹം ഇപ്പോള്‍ എന്റെ മനസു നിറയെ ഉണ്ട്.
( 'യുറീക്ക' മാസികയില്‍ പ്രസിദ്ധീകരിച്ചത്‌