Saturday, September 28, 2013

കാട്ടിലൂടെ....



ഞാന്‍ തിരുവനന്തപുരം ജില്ലയിലെ മീനാങ്കല്‍ ട്രൈബല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ്‌. എന്റെ വീട്‌ പേപ്പാറ വന്യമൃഗസങ്കേതത്തിനുള്ളിലാണ്‌. അതുകൊണ്ടു തന്നെ കാട്ടുപോത്തും മലയണ്ണാനുമൊക്കെയാണ്‌ എന്റെ കൂട്ടുകാര്‍. ഞങ്ങളുടെ പൊടിയക്കാലയില്‍ നിന്നും കാട്ടിലൂടെ ഒന്‍പതു കിലോമീറ്ററോളം ദൂരം നടന്നാണ്‌ ഞാന്‍ സ്‌കൂളില്‍ പോയിരുന്നത്‌. 


ഒന്നാം ക്ലാസ്സു തുടക്കം മുതല്‍ എനിക്ക്‌ ഒരേയൊരു സങ്കടമേ ഉണ്ടായിരുന്നുള്ളു. സ്‌കൂളില്‍ പോകാന്‍ ബസ്സ്‌ ഇല്ലാത്തതിന്റെ സങ്കടം. കൊടുങ്കാട്ടിലൂടെ അച്ഛന്റെ കൈപിടിച്ചാണ്‌ ഞാന്‍ സ്‌കൂളിലേയ്‌ക്ക്‌ പോയിരുന്നത്‌. ഒന്നാം ക്ലാസ്സില്‍ മനോഹരന്‍ സാറാണ്‌ രജിസ്‌റ്റര്‍ എടുത്തത്‌. ആദ്യമായി എന്റെ പേരു വിളിച്ചപ്പോള്‍ വളരെയധികം ഭയം തോന്നി. പ്രസന്റ്‌ പറയണമെന്ന്‌ അച്ഛന്‍ പറഞ്ഞു. അന്നു പന്ത്രണ്ടു മണിയായപ്പോള്‍ സ്‌കൂള്‍ കഴിഞ്ഞു. ഞാനും അച്ഛനും മറ്റു കുട്ടികളും കൂടി കാട്ടിലൂടെ വീട്ടിലേയ്‌ക്ക്‌ പോന്നു. വരുന്ന വഴി മലയണ്ണാന്‍, വവ്വാല്‍, പന്നി, കാട്ടുപോത്ത്‌്‌ എന്നീ മൃഗങ്ങളെ കാണാനിടയായി. പിന്നീട്‌ ഇങ്ങനെ നടന്ന്‌ എനിക്ക്‌ കാട്ടിലൂടെയുള്ള യാത്ര ഒരു പ്രശ്‌നമല്ലാതെയായി. 


ഒരു വ്യഴാഴ്‌ച ദിവസം. ഞാനൊരു മരത്തിന്റെ മുകളില്‍ എാറുമാടത്തില്‍ ഇരിക്കുമ്പോള്‍ മരത്തിനു താഴെക്കൂടി ഒരു വലിയ പെരുമ്പാമ്പ്‌ ഇഴഞ്ഞു പോയി. ഞാന്‍ പേടിച്ചു കരഞ്ഞു. അപ്പോഴേയ്‌ക്കും അച്ഛന്‍ വന്നു. എന്നെ മരത്തില്‍ നിന്നിറക്കി വീട്ടിലേയ്‌ക്ക്‌ കൊണ്ടുപോയി. കളിക്കോപ്പുകള്‍ തന്നു.
ഒരു തിങ്കളാഴ്‌ച ദിവസം. ഞാന്‍ സ്‌കൂളിലേയ്‌ക്ക്‌ പോകുന്ന വഴിക്ക്‌ ആനയെ കണ്ടു. അച്ഛന്‍ പറഞ്ഞു. ഇത്‌ കൊലകൊല്ലി എന്ന ആനയാണെന്ന്‌.

കൊലകൊല്ലി

കൊലകൊല്ലി. മനുഷ്യരെ കൊല്ലുന്ന ആന. പൊടിയക്കാലയുടെ ദുരിതമായിരുന്നു ആ ഒറ്റയാന്‍. എന്റെ അച്ചമ്മ അതിനൊരു പേരിട്ടു. `ചക്കമാടന്‍'. ചക്കമാത്രമായിരുന്നു അതിന്റെ ഭക്ഷണം. കാട്ടില്‍ നിന്നും ചക്ക തിന്നാന്‍ അതു ഗ്രാമത്തില്‍ ഇറങ്ങും. കൃഷി നശിപ്പിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം ഞാനും അച്ഛനും അമ്മയും കൂടി അച്ചമ്മയുടെ വീട്ടില്‍ പോയി. അന്നു രാത്രി എന്റെ വീടിനു മുന്നില്‍ കൊലകൊല്ലി വന്നു. വീടിന്‌ നാശനഷ്ടമുണ്ടായി. 


2006 ജൂണില്‍ ആ ആനയെ വനംവകുപ്പുകാര്‍ പിടികൂടി. പതിന്നാറു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശരിക്കുള്ള ആഹാരം കിട്ടാതെ ആന ചരിഞ്ഞു. കൊലകൊല്ലിയുടെ ഓര്‍മ്മയ്‌ക്കായി ഞങ്ങളിപ്പോഴും പൂജ നടത്തി വരുന്നു. എല്ലാവര്‍ഷവും ജൂലൈ പതിനൊന്നിനാണ്‌ കൊലകൊല്ലി പൂജ.
രണ്ടില്‍ പഠിക്കുന്ന കാലം. ഒരു ബുധനാഴ്‌ച ദിവസം. സ്‌കൂളിലേയ്‌ക്ക്‌ നടക്കുന്ന വഴിയില്‍ ഞാന്‍ വളരെ സേ്‌നഹിക്കുന്ന പേഴ് മരത്തിന്റെ മുകളില്‍ കയറി ഇരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ്‌ എന്റെ കൂട്ടുകാരന്‍ മലയണ്ണാന്‍ വന്നത്‌. ഞാന്‍ എന്റെ ലഞ്ചു പാത്രത്തില്‍ നിന്നും ഒരു പപ്പടം അവനു നല്‍കി.
ഒരു വെള്ളിയാഴ്‌ച. ഞാനും അര്‍ച്ചനച്ചേച്ചിയും മാത്രമേ സ്‌കൂളിലേയക്ക്‌ നടക്കാനുണ്ടായിരുന്നുള്ളു. അന്നു ചേച്ചി എന്റടുത്ത്‌്‌ ഒരു കാര്യം പറഞ്ഞു. ഇവിടെ കൊലകൊല്ലിയുടെ പ്രേതം ഉണ്ടെന്ന്‌. അതിനാല്‍ വഴിയില്‍ വച്ച്‌ നീ സംസാരിക്കരുതെന്ന്‌. എനിക്ക്‌ വളരെയധികം ഭയം തോന്നി. ഞാന്‍ എങ്ങനെയെങ്കിലും കടിച്ചുപിടിച്ച്‌ ആ ദിവസം കഴിച്ചു കൂട്ടി. 


ഒരു ദിവസം എന്നെ പേഴ് മരത്തിന്റെ മുകളില്‍ ഇരുത്തിയിട്ട്‌ അച്ഛന്‍ മറ്റു കുട്ടികളെ സ്‌കൂളില്‍ പോകാന്‍ വിളിക്കാന്‍ പോയി. ഞാന്‍ കാക്ക, മലയണ്ണാന്‍ എന്നിവരോടൊത്ത്‌ കിളച്ചും ചിരിച്ചും സംസാരിച്ചും ഇരുന്നപ്പോള്‍ എന്റെ അച്ഛന്‍ മറ്റു കുട്ടികളെയും കൂട്ടി എത്തി. ഞാന്‍ ഇറങ്ങി. മുക്കാരിവല്ലി എന്ന സ്ഥലത്തെത്തിയപ്പോള്‍ ആന ഓടി വരുന്നു. എന്നെ അച്ഛന്‍ ഒരു പാറപ്പുറത്തിരുത്തിയതിനു ശേഷം ആനയെ ഓടിച്ചുവിട്ടു. മറ്റൊരു ദിവസം മറുകന്‍ പാറ എന്ന സ്ഥലത്തെത്തിയപ്പോള്‍ മരത്തിന്റെ മറവില്‍ ഒരു കറുപ്പ്‌ കണ്ടു. അതു കാട്ടുപോത്തായിരുന്നു. ഞാന്‍ പേടിച്ചുപോയി. ഞാന്‍ സ്‌കൂളിലെത്തി. കൂട്ടുകാരോടൊക്കെ നടന്ന കാര്യങ്ങള്‍ വിവരിച്ചു. ഒന്നും രണ്ടും പീരിയേഡുകള്‍ പോയതറിഞ്ഞില്ല.


പൊടിയക്കാലയിലേയ്‌ക്ക്‌ ഐ.റ്റി.ഡി.പി.യില്‍ നിന്നും രണ്ടു ജീപ്പുകള്‍ സര്‍വ്വീസ്‌ തുടങ്ങി. അങ്ങനെ കാട്ടിലൂടെയുള്ള നടന്നുപോക്ക്‌ അവസാനിച്ചു. പിന്നെ എന്നും ജീപ്പിലായി യാത്ര. എന്റെ കാട്ടിലെ കൂട്ടുകാരെല്ലാം പിരിഞ്ഞു. ഞങ്ങള്‍ കാട്ടുപോത്തിനെയോ മറ്റു മൃഗങ്ങളെയോ കാണാതെയായി.

കാട്ടിലെ കണിക്കൊന്ന

ഏപ്രില്‍ മാസത്തില്‍ വിഷു എത്തി. ഞാനും അച്ഛനും കൂടി കാട്ടില്‍ കണിക്കൊന്നപ്പൂവു പറിക്കാന്‍ പോയി. അവിടെ നിന്നും ധാരാളം കണിക്കൊന്നകള്‍ ലഭിച്ചു. ഞാന്‍ ഊഞ്ഞാല്‍ കെട്ടാന്‍ വേണ്ടി കാട്ടുവള്ളി വെട്ടിയെടുത്തു. അവിടെ നിന്നും കിഴങ്ങു വര്‍ഗ്ഗങ്ങളായ നെടുവന്‍, നൂലി, നൂറാന്‍ എന്നിവ ധാരാളം കിട്ടി.
മറ്റൊരു ദിവസം. ഞാനും അച്ഛനും കാട്ടില്‍ പോയപ്പോള്‍ വലിയൊരു മരത്തിന്റെ മുകളില്‍ കയറാന്‍ ശ്രമിച്ചു. പറ്റിയില്ല. എന്നാലും ഞാന്‍ വിട്ടില്ല. ഞാന്‍ പുറം തൊലിയില്‍ പിടിച്ചു കയറി എന്നിട്ട്‌ ഒരു മൈനക്കിളിയുടെ കൂട്‌ എടുത്തു വീട്ടില്‍ കൊണ്ടു വന്നു.


ഇപ്പോള്‍ ഞങ്ങളുടെ പൊടിയക്കാലയിലേയ്‌ക്ക്‌ ബസ്സ്‌ സര്‍വ്വീസ്‌ തുടങ്ങിയിട്ടുണ്ട്‌. അതിനാല്‍ എന്റെ കൂട്ടുകാരെയെല്ലാം ഞാന്‍ മറക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഞങ്ങള്‍ക്ക്‌ നടത്തം എന്നു പറയുന്നത്‌ ഒരു സ്വപ്‌നം മാത്രമാണ്‌.    

                                                                                                          -- മോനിഷ്‌ എം

                                                                                                                 (യുറീക്ക സെപ്‌റ്റംബര്‍ 16, 2013)