Monday, August 25, 2014

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2014


മീനാങ്കൽ ഗവ. ട്രൈബൽ സ്കൂളിലെ ഇത്തവണത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമായിത്തീർന്നു. ഇലക്ട്രോണിക് വോട്ടിംഗ് രീതി ആദ്യമായി സ്കൂളിൽ അവതരിപ്പിച്ചു. സ്കൂൾ ലൈബ്രറി, എഡ്യൂസാറ്റ് റൂം, മൾട്ടിമീഡിയ റൂം എന്നിവിടങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്. പ്രിസൈഡിംഗ് ഓഫീസർമാരായി അദ്ധ്യാപകർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പോളിംഗ് ഓഫീസർമാരായി വിദ്യാർത്ഥികൾ പ്രവർത്തിച്ചു. സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരുന്നു. ഓരോ സ്ഥാനാർത്ഥിക്കും സ്വതന്ത്ര ചിഹ്നങ്ങൾ നൽകിയിരുന്നു. എൻ സി സി കേഡറ്റുകൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഉച്ചയോടെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തീകരിച്ചു.
ഉച്ചയ്ക്കുശേഷം സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടെയും സാന്നിദ്ധ്യത്തിൽ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തി. തുടർന്നു നടന്ന സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും പ്രതിനിധികൾ ഇലക്ട്രോണിക് വോട്ടിങ്ങിലൂടെയാണ് സ്കൂൾ ലീഡറെയും ചെയർപേഴ്സനെയും തെരഞ്ഞെടുത്തത്. സ്കൂൾ ലീഡർ സ്ഥാനത്തിനു വേണ്ടി നാഫില ബീവി (10), വിജീഷ് (10 ബി), അബ്ദുൾ ഹക്കിം (9 ) എന്നിവർ മത്സരിച്ചു. ഇതിൽ അബ്ദുൾഹക്കിം തെരഞ്ഞെടുക്കപ്പെട്ടു. ചെയർപേഴ്സൺ സ്ഥാനത്തിനുവേണ്ടി രശ്മി (9 സി), കരുണ (8 ) എന്നിവർ മത്സരിച്ചു. കരുണയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു.
2012ലാണ് ആദ്യമായി സ്ക്കൂളിൽ പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയത്. അത്തവണ 9 ബി ക്ലാസിൽ മാത്രമായിരുന്നു സ്വതന്ത്ര ചിഹ്നങ്ങളുള്ള ബാലറ്റ്പേപ്പർ അവതരിപ്പിച്ചത്. കുട്ടികൾ തന്നെ തെരഞ്ഞെടുത്ത ചിഹ്നങ്ങളായിരുന്നു അത്തവണത്തെ തെരഞ്ഞെടുപ്പിന്റെ സവിശേഷത. മാവേലി, സാന്താക്ലോസ്, പൈഡ്പൈപ്പർ, ടിന്റുമോൻ എന്നീ കഥാപാത്രങ്ങൾ തെരഞ്ഞെടുപ്പ് ചിഹ്നമായ ആദ്യ ബാലറ്റ്പേപ്പർ തെരഞ്ഞെടുപ്പിൽ ലക്ഷ്മി,സാന്ദ്ര, മിന്നു എം ബിനു, അനുപ്രിയ എന്നിവർ മത്സരിച്ചു. മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികൾ പോളിംഗ് ഓഫീസർമാരും നാലാം ക്ലാസിലെ ക്ലാസ് അദ്ധ്യാപൻ എൻ. ആർ. രാജീവ് പ്രിസൈഡിംഗ് ഓഫീസറുമായിരുന്നു.
ഇതേത്തുടർന്ന് കഴിഞ്ഞ കൊല്ലം നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഈ സമ്പ്രദായം സ്കൂൾ തലത്തിൽ വ്യാപിപ്പിച്ചു. ഇത്തവണ അത് ഇലക്ട്രോണിക് ബാലറ്റിനു വഴിമാറി.

(2013ൽ നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ദൃശ്യങ്ങൾക്ക ഈ ലിങ്ക് നോക്കുക: http://nammudeschool.blogspot.in/2013/08/blog-post_28.html )